Sunday, November 8, 2009

Poem Recitation

Poem of Sachidanandan- A good recitation
http://www.youtube.com/watch?v=BGojYk5dD5Q&feature=related
Hats off to Divya.

Another good poem by a group of children
http://www.youtube.com/watch?v=jUP9M5Ib-Lk

Ayyappans Poem
http://www.youtube.com/watch?v=2rCDCK74MKo&feature=related

Thursday, November 5, 2009

പെണ്‍ മനസ്സുകളുടെ പെരുവഴിയമ്പലം by kj siju

പെണ്‍ മനസ്സുകളുടെ പെരുവഴിയമ്പലം
(A must read for Sri. Padmarajan's movie admirers.)

http://kjsiju.blogspot.com/2009/11/blog-post_05.html


മലയാള ചെറുകഥക്കും, നോവൽ എഴുത്തിനും അതിലേറെ സിനിമക്കുമിടയിൽ "ലോലാ മിൽഫോർഡ്‌ എന്ന അമേരിക്കൻ പെൺകുട്ടിയുടെ" കയ്യും പിടിച്ചു കയറിവന്ന ശ്രീ. പദ്മരാജന്റെ പ്രതിഭസ്‌ സ്ഫുരണങ്ങളെക്കുറിച്ചുള്ള നല്ല ഒരു പഠനം.

കഥ പറച്ചിലിന്റെ യാമങ്ങൾ തീരുന്നതിനും മുൻപ്‌, പടികയറിപ്പോയ എല്ലാവരുടെയും പപ്പേട്ടന്‌,
ആമ്പലുകൾ വിരിയുകയും, പരൽ മീനുകൾ വെട്ടിത്തിളങ്ങുകയും ചെയ്യൂന്ന കൈത്തോടുകൾ ഉള്ള ഒരു നാട്ടിൻപുറത്തിന്റെ പ്രീയപ്പെട്ട പപ്പന്‌..
 

Friday, October 30, 2009

ജ്വാലകൾ ശലഭങ്ങൾ - ശ്രീ.ശശി ചിറയിൽ (കൈതമുള്ള്‌ )

കഴിഞ്ഞ ദിവസം (30-10-2009) കൈതമുള്ള്‌ എന്ന പേരിൽ ബ്ലോഗ്‌ എഴുതുന്ന ശ്രീ.ശശി ചിറയിലിന്റെ "ജ്വാലകൾ ശലഭങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം, അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ആയ UAE യിലെ സുഹ്രുത്തുക്കൾക്കു വേണ്ടി, Dubail വെച്ച്‌ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ Blog മുൻപേ വായിച്ചിരുന്നതുകൊണ്ട്‌ നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരനാണെന്ന് അറിയാമായിരുന്നു.
http://kaithamullu.blogspot.com/

അദ്ദേഹത്തിന്റെ postകൾ വായിക്കുമ്പോൾ ഈ കഥകളുമായി പ്രകടമായ സാമ്യമൊന്നുമില്ലാത്ത മറ്റൊരു പുസ്തകം ഞാൻ ഓർക്കാറുണ്ടായിരുന്നു. അന്തരിച്ച പ്രശസ്ത സാഹിത്യകാരനായ ശ്രീ. മലയറ്റൂർ രാമക്രുഷ്ണന്റെ "ബ്രിഗേഡിയർ കഥകൾ". ആ പുസ്തകവും വായനാ ക്ഷമതയും, ലാളിത്യവുമുള്ളതാണ്‌. നർമ്മവും, കാമവും, പ്രണയവും ഇടകലർത്തി ഒരു ബ്രിഗേഡിയറുടെ അനുഭവങ്ങളുടെ വിവരണം പോലെ എഴുതപ്പെട്ടത്താണ്‌ ബ്രിഗേഡിയർ കഥകൾ. ആ കഥാപാത്രം മലയാറ്റൂർ സാറിന്റെ ഭാവന മാത്രമായിരിക്കണം. ഒരു പക്ഷെ അനന്തപുരം ക്ലബ്ബിലെ ബാറിൽ വെച്ച്‌ പരിച്ചയപ്പെട്ട ഏതെങ്കിലും ex- ബ്രിഗേഡിയറുടെ കഥകൾ ആയിരിക്കാം. ആ പുസ്തകം ഓർക്കാനുള്ള കാരണം, ആഖ്യാന ശൈലിയിലുള്ള സാദൃശ്യവും, സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള വിവരണ രീതികൊണ്ടുമാണ്‌. പക്ഷെ ആ പുസ്തകത്തിൽ, male chauvinist ആയ ഒരു ബ്രിഗേഡിയറുടെ കാഴ്ചപ്പാടിലാണു സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്‌; കൈതമുള്ളിന്റെ കുറുപ്പുകളിൽ ഒരു തരം നിസ്സംഗത ഇടകലർന്ന കാരുണ്യത്തോടെയും.

ശ്രീ. കൈതമുള്ളിന്റെ പുസ്തകം മറ്റൊരു ഗൾഫ്‌ Bloggerഉടെ പുസ്തകം എന്നു വെറുതെ പറഞ്ഞു പോകേണ്ട ഒന്നല്ല എന്നെനിക്കു തോന്നിയതു കൊണ്ടാണ്‌ ഇവിടെ ഞാൻ പ്രത്യേകം പരാമർശിക്കുന്നത്‌. ബ്ലോഗിൽ നിന്നും പുസ്തക രൂപത്തിൽ മുൻപിറങ്ങിയത്‌ വിശാലമനസ്കൻ എന്ന പേരിൽ Blog എഴുതുന്ന സജീവ്‌ എടത്താടന്റെ "കൊടകരപുരാണം", പിന്നെ കുറുമാൻ എന്ന പേരിൽ Blog എഴുതുന്ന രാജേഷിന്റെ "യൂറോപ്പ്‌ സ്വപ്നങ്ങൾ" എന്നിവയാണ്‌. ലാളിത്യവും, നർമ്മവും ഇടകലർന്ന ഭാഷ കൊണ്ട്‌ ആ രണ്ടു പുസ്തകങ്ങളും വിജയമായിരുന്നു. ഇപ്പോൾ ഇറങ്ങിയ കൈതമുള്ളിന്റെ പുസ്തകവും ഒരു വിജയമാണെന്നുറപ്പ്‌. കാരണം ഈ പുസ്തകം നർമ്മം മാത്രമല്ല തരുന്നത്‌; പെണ്ണിന്റ്‌ മനസ്സ്‌, അതിന്റെ അഴിയാകുരുക്കുകൾ, അതിലെല്ലാം ഉപരി അതിജീവനത്തിനായി ജീവിതമൂല്യങ്ങളെ തട്ടിക്കളയേണ്ടിവരുന്ന പെണ്ണിന്റെ നിസ്സംഗതയും, നിശ്ചയധാർഢ്യവും ഈ പുസ്തകം കാണിച്ചു തരുന്നു.

ജീവിതമാണോ, ജീവിതമൂല്യങ്ങളാണോ വലുത്‌ എന്നുള്ളത്ത്‌ എന്നും സാഹിത്യത്തിലെ വലിയ ചോദ്യങ്ങളിൽ ഒന്നാണ്‌. പലപ്പോഴും ജീവിതമാണു വലുത്‌ എന്ന നിഗമനത്തിൽ എത്തിച്ചേരുന്ന കഥാപാത്രങ്ങൾ തെറ്റുചെയ്യുന്നു എന്നു പറയാൻ പുറത്തുനിൽക്കുന്നവനവകാശമില്ല. സ്വന്തം വിശ്വാസങ്ങളും, മൂല്യങ്ങളും മുറുകെപ്പിടിച്ചു കൊണ്ട്‌ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ ആഗ്രഹിച്ച ഒരു ജീവിതം കിട്ടില്ല എന്നുറപ്പാവുമ്പോൾ ആത്മാഹൂതി ചെയ്യുകയോ അല്ലെങ്കിൽ ജീവിതമൂല്യങ്ങളെ പിന്നിലെറിഞ്ഞ്‌ ഒരു civic death വരിക്കുകയോ മാത്രമേ പോംവഴിയുള്ളു എന്ന നിലയിൽ എത്തിയവർ ആയിരിക്കണം ഈ പുസ്തകത്തിൽ വരുന്ന പെണ്ണുങ്ങൾ. അവർ ഒരു തരം നിസ്സംഗതയോടെയും, ജീവിതത്തെ പരിഹാസത്തോടെ നോക്കി ചിരിച്ചുകൊണ്ടും നിന്ന് ജ്വലിക്കുകയാണ്‌; ജ്വലിച്ചുകൊണ്ടു നിൽക്കുന്ന അവർ ജീവിതത്തിന്റെ പൊള്ളുന്ന ചൂടിൽ ചിറകറ്റു വീഴുന്ന ശലഭങ്ങളുമാണ്‌!

ചിറകറ്റു വീഴുന്ന ശലഭങ്ങളെ നമുക്ക്‌ പലപ്പോഴും രക്ഷിക്കാൻ കഴിയാറില്ല, ഒരു നിസ്സംഗതയോടെ കണ്ടുനിൽക്കാൻ മാത്രമേ കഴിയൂ. പക്ഷെ മനുഷത്വം നശിച്ചിട്ടില്ലാത്ത ഒരാത്മാവിന്‌, ദയപൂർണ്ണമായ ഒന്നു നോക്കാനാവും. ജ്വാലയിൽ വീണില്ലാതെയാവുകയാണെന്നറിയുമ്പോഴും, തന്റെ നേരെ കാരുണ്യത്തോടും, സ്നേഹത്തോറ്റും, നിസ്സഹായതയോടും നോക്കുന്ന ആളെ ശലഭങ്ങൾ സ്നേഹിക്കും; അവർക്കുള്ളതെല്ലാം അടിയറ വെക്കും.

ശ്രീ. ശശി, സ്വന്തം ജീവിതാനുഭവങ്ങൾ എന്ന നിലയിലാണ്‌ "ജ്വാലകൾ ശലഭങ്ങൾ" എഴുതിയിട്ടുള്ളത്‌. അതു സത്യമാണെങ്കിൽ "അവളെന്തുകൊണ്ടിങ്ങനെ ഒക്കെ ആയി" എന്നു ചോദിക്കുന്നവർക്കു കൊടുക്കാൻ പറ്റിയ ഒരു പുസ്തകമാണിത്‌. ദുരന്തങ്ങളിലേക്കെടുത്തെറിയപ്പെടുന്ന ഇതിലെ സ്ത്രീകൾക്കു എവിടെയാണു തെറ്റു പറ്റിയത്‌ എന്നൊരു ചോദ്യം ഈ പുസ്തകം വായനക്കാരനോടു ചോദിക്കുന്നുണ്ട്‌. എന്റെ വിശ്വാസം ജീവിതത്തെ നിർവചിക്കുന്നതിലാണവർക്കു തെറ്റിപോപ്പോയത്‌ എന്നാണ്‌.

പെണ്ണിനെ ആസ്വദിക്കപ്പെടേണ്ട ഒന്നായല്ല "ജ്വാലകൾ ശലഭങ്ങൾ" വിവരിക്കുന്നത്‌; പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും. ജീവിതത്തെ ശരിയായ രീതിയിൽ നിർവചിക്കാൻ കഴിയാതെ പോവുകയും, അവധാനതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതെ ഒരു തരം ഭ്രാന്തമായ മനോനിലയിലേക്കെത്തുന്ന നിസ്സഹായ ആയ സ്ത്രീയുടെ ശബ്ദമില്ലാത്ത കരച്ചിലാണ്‌ ഈ പുസ്തകം. അത്തരതിൽ നോക്കിയാൽ "ജ്വാലകൾ ശലഭങ്ങൾ" ഒരു സ്ത്രീ പക്ഷരചനയാണെന്നു പറയേണ്ടി വരും.

36 വർഷത്തെ പ്രവാസജീവിതം സമ്മാനിച്ച നിസ്സംഗതയിൽനിന്നുണ്ടാവുന്ന നർമ്മത്തിന്റെ ലാളിത്യത്തിൽ നിന്നു കൊണ്ടുതന്നെ ജീവിതത്തിന്റെ ആർദ്രതകളിലേക്കും, വിഹല്വതകളിലേക്കും നമ്മെ കൈപിടിച്ചു കൊണ്ടു പോവുകയാണ്‌ കൈതമുള്ള്‌. ഹ്രുദയത്തിൽ പോറൽ വീഴ്ത്തുന്ന കഥകൾ എഴുതാൻ ഇനിയും കൈതമുള്ളിനാവും.

Saturday, September 26, 2009

നിരൂപക വായനയിലെ വാത്മീകിപ്പക്ഷികൾ - പി.കെ.ഗോപി

വായന: 'നവാദ്വൈതം'
എം.കെ.ഹരികുമാർ 





നീലവിഹായസ്സിന്റെ വിശാലമായ ക്യാൻവാസിലേക്ക്‌ ഇലത്തൂലികകൾ നീട്ടി വംശവൃക്ഷം നിൽക്കുന്നു. മഹാപ്രവാഹത്തിന്റെ മണൽത്തീരത്ത്‌, വിജനമായ ഏകാന്തതയില്‍ ചുടലച്ചിതയെരിഞ്ഞു. രണ്ടു ദൃശ്യങ്ങൾ..... കേവലദൃശ്യങ്ങളുടെ ഛായാപടങ്ങൾ വളരെയാകർഷമായി അവതരിപ്പിക്കാൻ നമുക്കു കഴിയും. എന്നാൽ ദൃശ്യങ്ങളുടെ നിഴലും വെളിച്ചവും കടന്ന്‌ കാലത്തിന്റെ അന്തർഗ്ഗതങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരാളെ മാത്രമേ ഞാൻ നിരൂപകനായി കരുതുകയുള്ളു.
എഴുത്തിനേക്കാൾ ഗൗരവമേറിയ അന്വേഷണപഥങ്ങളിലെവിടെയോ വച്ച്‌, കടലിൽ നിന്ന്‌ ശംഖനാദം കണ്ടെത്തുംപോലെ, അന്ധകാരങ്ങളിൽ നിന്ന്‌ കാലത്തിന്റെ കൃഷ്ണമണികൾ കണ്ടുപിടിക്കും പോലെ, അപൂർവ്വചാതുര്യമാർന്ന ഒരു സർഗ്ഗപ്രക്രിയയാണ്‌ നിരൂപണം.


നിരൂപണത്തിന്റെ മേഘാകാശങ്ങളിൽ ഒരു നക്ഷത്രപ്പൊട്ടിന്റെ സുവർണ്ണരശ്മിയെങ്കിലും പ്രതൃക്ഷപ്പെടുമ്പോൾ വായനക്കാരനായി ഞാൻ സ്വപ്നാടനത്തിൽ നിന്ന്‌ ഞെട്ടിയുണർന്നു. ആ ഉണർച്ചയുടെ ഉച്ചവെയിൽ, യാത്രയുടെ ഏതിരുട്ടിലും അസ്തമിക്കാതെ എന്നിൽ തെളിഞ്ഞു നിൽക്കുന്നു. കാണാത്ത ലോകങ്ങളുടെ വിചാരവശ്യമായ വ്യാകരണനിർവ്വചനങ്ങളിൽ ഞാൻ സ്വയം പുതുക്കിപ്പണിയുന്നു. വായിച്ചുപേക്ഷിച്ച കാലത്തിന്റെ നാൾവഴിത്താളുകളിൽ പടർന്നു കിടക്കുന്ന പ്രാണഞ്ഞരമ്പുകൾ വീണ്ടും പിടയ്ക്കുന്നതറിഞ്ഞ്‌ വിസ്മയിക്കുന്നു.

നടന്ന വഴിയിലെ പച്ചപ്പുല്ലിന്റെ ഉത്ഥാനകഥയിൽ പരിവർത്തനത്തിന്റെ മഹാവാക്യങ്ങൾ രേഖപ്പെടുത്തി വച്ചതു കാണാതെ പോയതിൽ ഖേദിക്കുന്നു. വായിച്ചിട്ടും വായിക്കാതെ പോയ രഹസ്യബിന്ദുക്കൾ ചേർത്തുവച്ചപ്പോൾ വലിയ നേർരേഖകളുണ്ടാകുന്നത്‌ ആദരവോടെ തിരിച്ചറിയുന്നു. ആ നേർരേഖകൾ എന്റെ നടപ്പുവഴിയിലെ ദിശാസൂചനകളാണ്‌. അകത്തേക്കും പുറത്തേക്കുമുള്ള അടയാത്ത വാതിലുകളാണ്‌. അനാദിയും അനന്തവും തമ്മിൽ സംവേദനം നടത്തുന്ന മാസ്മര നാളിയാണ്‌.

ഒ.വി.വിജയനെ എത്ര പ്രാവശ്യം വായിച്ചിട്ടുണ്ടാവും, ഓർമ്മയില്ല.

ഖസാക്കിന്റെ ഇതിഹാസത്തിലെ ഓരോ അദ്ധ്യായവും വാചകവും വാക്കും... ചിലതെല്ലാം ആവർത്തന വായനയിൽ മനസ്സിൽ പതിഞ്ഞു കിടക്കുന്നു. എഴുതുമ്പോഴോ പ്രസംഗിക്കുമ്പോഴോ തൂലികയിലും നാവിലും അവ ഓടിക്കയറുന്നു. ഓരോ പ്രാവശ്യം പറയുമ്പോഴും ഓരോ വെളിപാടിന്റെ തളിരിലയും തലനീട്ടിക്കൊണ്ടിരിക്കുന്നു. ചരിത്രവും ദർശനവും നാട്ടുവഴക്കവും പുരാവൃത്തവും വിശ്വാസവും സ്വപ്നവും അയഥാർത്ഥവും അരൂപദൃശ്യവുമെല്ലാം ചേർന്ന്‌ ഭാഷയുടെ കാണാപ്പുറങ്ങളിലേക്ക്‌ ആത്മാവിന്റെ ചിറകുകൾ വീശിപ്പറന്ന ഒറ്റപ്പക്ഷിയായിരുന്നു ഒ.വി.വിജയൻ. ശാന്തനായി എഴുന്നേറ്റ്‌ മൗനിച്ചു നടന്നു പോകുന്ന അയാൾ ആരാണ്‌ എന്നു ചോദിച്ചാൽ ഒ.വി.വിജയൻ എന്നു മാത്രമാണ്‌ ഉത്തരം.

പ്രശാന്തത്തയുടെ ആ ഉത്തരം പിന്തുടർന്ന്‌, സംഘർഷകലുഷമായ ചരിത്രഭൂപടത്തിലെ പാദമുദ്രകളത്രയും വായിച്ച്‌, കഥയും കഥയ്ക്കപ്പുറമുള്ള കാൽപനികപ്രകൃതിയും പിന്നിട്ട്‌, ആദി ബീജസ്പന്ദനങ്ങളുടെ സൂക്ഷ്മനാദമേഖലയിലെ സർഗ്ഗാത്മകതയുടെ സംഗീതം കേൾപ്പിച്ചു തരുന്ന ഒരു പുസ്തകം ഞാൻ വായിച്ചു. ഏകരൂപാത്മകമായ സത്യത്തിന്റെ ബഹുമുഖപ്രതീതിയെ തിരിച്ചറിയാൻ ശ്രമിക്കുന്ന ,പരിശ്രമശാലിയായ ഒരു ചെറുപ്പക്കാരന്റെ ഉപനിഷദ്പഠനം പോലെ സമഗ്രതയാർന്ന ഒരു പുസ്തകം. ഒരേ സമയം സാഹിത്യവിമർശനവും ദാർശനിക സമസ്യയും കാലോചിതമായ വിചാരവൃഗ്രതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന 'നവാദ്വൈതം' എന്ന പഠനഗ്രന്ഥം ഒ.വി.വിജയന്റെ കൃതികൾക്കു മേൽ ഇതുവരെയുണ്ടായിട്ടുള്ള വായനകളിൽ മികച്ചതാണെന്ന്‌ എനിക്കനുഭവപ്പെടുന്നു.

പത്രപ്രവർത്തകനും നിരൂപകനുമായ എം.കെ.ഹരികുമാറിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്‌ 'നവാദ്വൈതം'. അദ്വൈതം എന്ന വാക്കും ആശയവും തീർച്ചയായും പുരാതനമാണ്‌. നവപുരാതനം എന്നു പ്രയോഗിക്കാമോ? നവാദൈത്വം എന്നു പ്രയോഗിച്ചതിന്റെ അർത്ഥസാധുത ഉൾക്കൊണ്ട്‌ നവപുരാതനം എന്ന്‌ ഞാൻ പറയുന്നു. ഈ നിമിഷത്തിന്റെ നവീനത ഉൾക്കൊള്ളാതെ യാതൊന്നും കടന്നുപോകുന്നില്ല. കാലപ്പഴക്കത്തിൽ തുരുമ്പും മാറാലയും കയറിയ നാഴികമണികൾ നിലച്ചു പോയേക്കാം. പക്ഷേ, സമയസൂചികൾ അദൃശ്യമായി കറങ്ങുക തന്നെയാണ്‌. ആത്മഭാഷണം പോലും പവിത്രമാക്കി ഉപയോഗിച്ച ഒ.വി.വിജയന്‌ അതറിയാമായിരുന്നു. അതിനാൽ ഗുരുവായ ഭൂമിയിൽ ശിഷ്യനെന്ന വിത്ത്‌ മുളപൊട്ടി വൃക്ഷവികാസം പ്രാപിക്കുന്നതെങ്ങനെയെന്നു ചിന്തിക്കാൻ അദ്ദേഹത്തിന്‌ വിവേകവും സമചിത്തത്തയും ഉണ്ടായിരുന്നു. തിടുക്കങ്ങൾക്കിടയിൽ തടിച്ച അവയവങ്ങളുടെ ചലനം മാത്രം കാണുന്നവർ സൂക്ഷ്മകോശങ്ങളുടെ തിരക്കില്ലാത്ത കേന്ദ്രസ്പന്ദങ്ങൾ അറിയാതെ പോകുന്നത്‌, ദയനീയമായ ജീവിതദുരിന്തമാണ്‌.
അങ്ങനെയൊരവസ്ഥയാണ്‌ വർത്തമാനകാലം വരച്ചിടുന്നത്‌.

ഉപരിപരിശോധനയുടെ നിർണ്ണയങ്ങൾ നിരൂപണകളയാക്കി വളർത്തി കൊണ്ടാടുന്നവർക്ക്‌ കൃതിയുടെ ആഴങ്ങളറിയാൻ യാതൊരു വഴിയുമില്ല. എഴുത്തുകാരൻ സൃഷ്ടിച്ച കഥാപാത്രളോടൊപ്പം ഏതറ്റം വരെ അനുയാത്ര ചെയ്യാമെന്ന്‌ അവർക്കറിയില്ല. ചിന്താക്ഷീണം സംഭവിക്കുമ്പോൾ മടങ്ങിവന്ന്‌ കൈയും കാലും കടഞ്ഞ്‌ തുടങ്ങുകയായി, വിവരണങ്ങൾ. ബൃഹത്തായ കൃതികളോടൊപ്പം പറന്നു ചെല്ലാൻ കഴിയാത്ത, കിതച്ചും തളർന്നും വീണുപോയ നിരൂപണങ്ങൾ നിരവധിയാണ്‌. ഹരികുമാർ ആമുഖത്തിൽ സൂചിപ്പിക്കും പോലെ "മനസ്സിൽ അന്യചിന്തകളുടെ ഭാരമൊന്നുമില്ലാതെ" തികച്ചും സ്വതന്ത്രമായ നവാദ്വൈതചിന്ത വിജയന്റെ കൃതികളോടൊപ്പം പ്രാണന്റെ ചോരയോട്ടം പോലെ സഞ്ചരിക്കുന്നു.

കൃതിയെ തൊടുമ്പോൾ തിരിച്ചറിയുന്ന നാഡിമിടിപ്പ്‌ നവാദ്വൈതം തൊട്ടാലും വ്യക്തമായി അനുഭവപ്പെടുന്നു. ഒരു പക്ഷെ, കൂടുതൽ മിഴിവോടെ...ഉണർവ്വോടെ മഹത്തായ ഒരു ദേശത്തിന്റെ പ്രാക്തനസുദർശനങ്ങൾ തിരമാലകളായി, ഹരിതതീരങ്ങളെ തഴുകി കടന്നു പോകുന്നത്‌ ഞാൻ വായിച്ചറിയുന്നു. വാക്കുകളുടെ ചേരുവയിൽ ലയിച്ചുകിടക്കുന്ന ധാതുലവണങ്ങളുടെ സുഗന്ധരേണുക്കൾ എത്ര ശ്രദ്ധയോടെയാണ്‌ 'നവാദ്വൈത'ത്തിൽ ചൂണ്ടിക്കാണിക്കുന്നത്‌. വിജയന്റെ ഭാഷാചേതനയുടെ അടരകങ്ങളിൽ കുടിപാർക്കുകയും ചിലപ്പോൾ സ്വയം ചിറകുമുളച്ച്‌ ഓജസ്സോടെ സ്വതന്ത്രമായി പറന്നുയരുകയും ചെയ്യുന്നുണ്ട്‌, നിരൂപകൻ. ഭാഷയ്ക്കുള്ളിൽ അനുഭൂതിയുടെ അദ്വൈതധ്വനി അലിയിച്ചു ചേർത്ത അത്ഭുതം വിജയൻ കാണിച്ചുവെങ്കിൽ, നിരൂപണത്തിൽ നവാദ്വൈതത്തിന്റെ ആധുനികസ്വരം കടഞ്ഞെടുത്താവിഷ്കരിക്കാൻ പരിശ്രമിച്ചിരിക്കുന്നു, ഹരികുമാർ. ആത്മീയവും ഭൗതികവുമായ മുൻവിധികളില്ലാതെ "മതിൽക്കെട്ടുകൾ പൊളിച്ച്‌ പുതിയ ആശയ സംയോജനങ്ങൾ സാധ്യമാക്കേണ്ട കാലത്തിന്റെ" ശക്തമായ തൂലിക ഹരികുമാറിന്‌ സ്വായത്തമായിരിക്കുന്നു.

സ്വയം ജ്വലിക്കുന്ന ഭാഷയുടെ പ്രവാഹഗതിയിൽ എന്റെ വായനക്കാലം ഒഴുകിപ്പോയത്‌, താദാത്മ്യം പ്രാപിക്കലിന്റെ താളം സ്വീകരിച്ച നവീനാനുഭൂതിയിലൂടെയാണ്‌. വായനയുടെ ദിനങ്ങളിൽ ഒ.വി.വിജയൻ എന്ന ആൽമരവും അതിന്റെ ചുവട്ടിലെ പുൽക്കൊടിയായ ഞാനും നിലകൊള്ളുന്ന ഭൂമിയുടെ അദ്വൈതഹൃദയം നിരൂപകൻ കാണിച്ചു തരുകയായിരുന്നു. ഒരർത്ഥത്തിൽ ആത്മബലത്തിന്റെ സമവാക്യങ്ങൾക്കിടയിൽ ജ്ഞാനത്തിന്റെ ഗുരു വന്നു നിന്ന്‌ അനുഗ്രഹം ചൊരിഞ്ഞ്‌ സൗമ്യമായി സംസാരിക്കുന്നതു പോലെ എനിക്കു തോന്നി. പുരാണേതിഹാസങ്ങൾ പുതുതായി പുനർജ്ജനിക്കുന്നതു പോലെയും അവ ഒളിച്ചു സൂക്ഷിച്ച ജീവിതത്തിന്റെ ആഴച്ചുഴിയിലെ സംഗീതനിശ്ശബ്ദത ഉള്ളിലേക്ക്‌ പ്രവേശിക്കുന്നതു പോലെയും തോന്നി. ഏറ്റവും സുന്ദരമെന്നു തോന്നുന്ന മലയാളഭാഷയുടെ ചമൽക്കാരങ്ങൾക്കു മേൽ മനസ്സു തൊടുത്തു വച്ച ഹൃദയത്തിന്റെ തനതു ഭാഷണം കേൾക്കാൻ കഴിയുക വായനക്കാരന്റെ സുകൃതമാണ്‌, സാഫല്യമാണ്‌.
നാവുകളും വാക്കുകളുമില്ലാതെ ആരോ എന്നോടു സംസാരിക്കുന്നു. 'നവാദ്വൈതം' വായിച്ചുകഴിഞ്ഞാലും അതിന്റെ ധ്വനികളിലൂടെ നിരൂപകവായനയുടെ വാത്മീകിപ്പക്ഷികൾ അനുധാവനം ചെയ്യുന്നു. അപൂർവ്വദർശനങ്ങളുടെ പൊരുളാകാശം ചിറകുകളാൽ അളന്നളന്ന്‌ കാണിച്ചു തരുന്നു. അനുഭവകോശങ്ങളുടെ ഭ്രമണപഥത്തിൽ ജനിമൃതികളുടെ ചിരിയും കരച്ചിലും ഉയരുന്നത്‌ എന്നിൽ നിന്നു തന്നെയെന്ന്‌ സ്വയം പറയേണ്ടി വരുന്നു. "ലോകത്തിലെ വൈരുദ്ധ്യങ്ങളെല്ലാം ആത്മാവിന്റെ അതീത കാഴ്ചകൊണ്ട്‌ പരിഹരിക്കുന്ന അപൂർവ്വദർശനമാണ്‌" വിജയനിൽ എം.കെ.ഹരികുമാർ കണ്ടെത്തിയത്‌ എന്നു വ്യക്തം. "ഉള്ളിലെ വിവേകങ്ങളുടെ സത്തകൾ കൂടിച്ചേർന്ന്‌ ഉണർവ്വിന്റെ ഗാഥയായി തീരുന്നതാണ്‌ ഭാഷയായി പരിണമിക്കുന്നത്‌" എന്ന്‌ ഹരികുമാർ എഴുതുമ്പോൾ സർവ്വകലാശാലകൾക്ക്‌ തരാൻ കഴിയാത്തതെന്തോ അതാണ്‌ സാഹിത്യതത്വമെന്നറിയുന്നു. പ്രശസ്തിയിലെത്തിയവർക്ക്‌ അന്ധരായ അനുയായികളെ എവിടെയും കണ്ടുമുട്ടാം. അവർ ഇഷ്ടകൃതിയെ വിലയിരുത്തുമ്പോൾ നിഴലുകളാണ്‌ അവശേഷിക്കുക.

പക്ഷെ, "ഇന്ത്യൻ മിത്തോളജിയുടെയും വിശ്വാസങ്ങളുടെയും ഖനിയിൽ നിന്ന്‌ തന്റേതായ നിലയിൽ ഊർജ്ജം നേടിയ എഴുത്തുകാരനെ" അവതരിപ്പിക്കാൻ അപൂർവ്വസിദ്ധി ആവശ്യമാണ്‌. ആ സിദ്ധിവൈഭവം ഹരികുമാറിന്റെ കൈ മുതലാണ്‌. വിജയന്റെ ഭാഷയിലെ വൈകാരികതയുടെ അതിസൂക്ഷ്മവേഗങ്ങളെ മാനുഷികമായ ശക്തിദൗർബ്ബല്യങ്ങളിൽ തുലാഭാരം ചെയ്യിക്കാൻ ഹരികുമാറിനു കഴിയുന്നു. ആധുനികരുടെയും അത്യന്താധുനികരുടെയും തട്ടകങ്ങൾക്കപ്പുറത്തേക്ക്‌ പടർന്നു കയറി, ജീവിതത്തിന്റെ ആന്തരാനുഭവങ്ങളെ മാതൃചുംബനംപോലെ ഹൃദ്യമാക്കാൻ കഴിയുന്നുവേന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. പ്രത്യക്ഷത്തിൽ ലളിതം. പുനർവായനയിൽ ഗഹനം. കെട്ടുപിണഞ്ഞ വേരുകൾക്കിടയിൽ കാക്കകൊത്തിയിട്ട പാഴ്‌വിത്തിനെ അന്വേഷിച്ച്‌ വ്യർത്ഥബോധത്തോടെ തിരിച്ചു വരുന്ന വായനക്കാരനാകാൻ ഞാനിഷ്ടപ്പെടുന്നില്ല. ആകാശത്തിൽ നിന്ന്‌ ഭൂമിയിലേക്കു പടരുന്ന വേരുകളിലെല്ലാം അപഗ്രഥനത്തിന്റെ മുത്തുകൾ കോർക്കുന്ന സംഗീതമധുരമായ ഒരു ഭാഷാവിദ്യ നവാദ്വൈതത്തിൽ ഹരികുമാർ പരീക്ഷിക്കുന്നു.

ഒ.വി.വിജയനു മാത്രം സങ്കൽപിക്കാവുന്ന വാങ്മയഘടനയുടെ ലയനസാന്ദ്രത ഹരികുമാറിലും ദർശിക്കാം. ഒരു പക്ഷെ, പരസ്പരം സംഭവിക്കാവുന്ന വിചാരപ്പൊരുത്തങ്ങൾ എഴുത്തുകാരനെയും വായനക്കാരനെയും ഒറ്റ ബിന്ദുവിൽ അടുപ്പിച്ചേക്കാം. ഇവിടെ എഴുത്തുകാരനും നിരൂപകനും ആസ്വാദകനും ഉള്ളിലെ രാസപ്രവർത്തനങ്ങളിൽ ഒറ്റമൂലകമായി സ്ഫുടം ചെയ്യപ്പെടുന്നു. "ഖസാക്കിലെ പല മനുഷ്യരും വിജയന്‌ ലഭിച്ചതു ഒരു പ്രത്യേക രാസപ്രവർത്തനം മൂലമാണ്‌. രാസപ്രവർത്തനം നടന്നതാകട്ടെ അദ്ദേഹത്തിന്റെ മനസ്സിലും" എന്ന്‌ ഹരികുമാർ കണ്ടെത്തുന്നു. "കർമ്മപഥങ്ങളുടെ സ്നേഹരഹിതമായ കഥയിലൂടെ ബഹുരൂപങ്ങളുടെ ശതഗുണങ്ങളെ ഒരു നിമിഷത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന" എഴുത്തിന്റെ വാസ്തവത്തെ നവാദ്വൈതം തൊട്ടറിയുന്നു. അതിന്റെ സാമൂഹികമായ പ്രതിധ്വനി ഹരികുമാർ ആവിഷ്കരിക്കുന്നത്‌ ഇങ്ങനെയാണ്‌: "പ്രത്യയശാസ്ത്രങ്ങളുടെ അവസാനത്തെ ബിന്ദുവിൽ നിന്നാണ്‌ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അനുഭവിക്കാൻ കഴിയുന്നത്‌". സ്വപ്നത്തെയും ഓർമ്മയെയും കൂട്ടിക്കുഴച്ച്‌, ചുറ്റുമുള്ള അറിയാത്ത പൊരുളുകളെക്കുറിച്ച്‌ ഇത്രമേൽ സുന്ദരമായ വ്യാഖ്യാനങ്ങൾ നടത്താനാവുമെന്ന്‌ ഇതിഹാസകാരനും നിരൂപകനും ഒരേ സാമർത്ഥ്യത്തോടെ തെളിയിക്കുന്നു.
ഏതൊരു മനുഷ്യന്റെയും അന്തരാത്മാവിൽ അഴിഞ്ഞു കിടക്കുന്ന സന്ദേഹങ്ങളെ സംഘർഷഭരിതമായ ആധുനികലോകവുമായി ബന്ധിപ്പിച്ച്‌, വംശീയസ്വത്വങ്ങളുടെ വാലറ്റം വരെ നീണ്ടു ചെല്ലുന്ന അന്വേഷണ പരമ്പര സൃഷ്ടിക്കുകയാണ്‌ നവാദ്വൈതത്തിലുടനീളം. അതിനെ ആസ്വാദനമെന്നോ, പഠനമെന്നോ, നിർവ്വചനമെന്നോ അല്ല പറയേണ്ടത്‌. ഖസാക്കിന്റെ ഗ്രാമഭൂമിയിൽ നിന്ന്‌ പ്രവാചകന്റെ വഴിയിലൂടെ ഇറങ്ങി നടന്ന അലൗകികമായ ഒരവധൂതയാത്ര... ദുഃഖച്ചുമടുകളെ സ്വപ്നവാഹനമാക്കി, ഏകാന്തഘനാകാശത്തെ തന്നിലേക്കടുപ്പിച്ച്‌, അവസാനിക്കാത്ത ധർമ്മപുരാണങ്ങൾ തേടി അസ്ഥിവാരത്തിലേക്ക്‌ ഒരദ്വൈതയാത്ര... ഒരു പക്ഷേ, എം.കെ.ഹരികുമാറിനു മാത്രം കഴിയുന്ന ദർശന സമൃദ്ധമായ ഒരു തീർത്ഥയാത്ര. തലമുറകൾ കടന്ന്‌ ആദിമമായ പ്രലോഭനങ്ങളും പ്രത്യാഘതങ്ങളും മണത്തറിഞ്ഞ്‌ മനസ്സിന്റെ തീവ്രാഭിലാഷങ്ങൾ കടഞ്ഞു കണ്ടെത്തുന്ന അറിവിന്റെ ഗുരുസാഗര യാത്ര. മധുരം ഗായതി എന്നുച്ചരിച്ച്‌ വ്യത്യസ്ത സ്ഥലരാശികളിൽ മനുഷ്യസത്തയെ സംയോജിപ്പിക്കുന്ന നവമായ കാഴ്ച.
"നവമായ കാഴ്ചകളെ അവതരിപ്പിക്കുന്ന സാഹിത്യരചന ഒരിക്കലും പഴയ കാഴ്ചയുടെ പിന്തുടര്‍ച്ചയിലല്ല ജീവിക്കുന്നത്‌". ഹരികുമാറിന്റെ ഈ സാഹിത്യബോധത്തെ നവാദ്വൈതത്തിലെ പദസമൂഹം സാക്ഷാത്കരിക്കുന്നു." "ഈശാവാസ്യമായ സമന്വയമാണ്‌ അദ്വൈതം. ആത്യന്തികമായ സമീക്ഷയും സ്നേഹപ്രസരവുമാണ്‌ നവാദ്വൈതത്തിലേക്കുള്ള ചവിട്ടുപടി ഒരുക്കിത്തരുന്നത്‌."

വന്യമായ അശാന്തി എന്ന അധ്യായത്തിൽ ഹരികുമാർ എഴുതിയിരിക്കുന്നതു തന്നെയാണ്‌ പക്വമായ ജീവിത ദർശനം. വായനയുടെ ഓരോ നിമിഷവും ഞാൻ ആശയങ്ങളുടെ മഹാപ്രവാഹത്തിൽ അലിയുകയായിരുന്നു. മതി. വായനയുടെ തൃപ്തി ഇതാണ്‌. ഇതു മാത്രമാണ്‌. വല്ലപ്പോഴും ഇങ്ങനെയുള്ള പുസ്തകം വായിക്കാൻ കഴിയുന്നില്ലെങ്കിൽ പുസ്തകങ്ങളെ ഗൗരവമായെടുക്കാൻ മനസ്സ്‌ സമ്മതിച്ചെന്നു വരില്ല. മാധ്യമങ്ങളുടെ അഭ്യാസവിദ്യകളിലും അവാർഡു ഗോദയിലും ഹരികുമാറിന്റെ നവാദ്വൈതം പത്തുതലവച്ചു നിറഞ്ഞാടിയിട്ടില്ലെന്നു തോന്നുന്നു. വേണ്ട. ചില നല്ല ഗ്രന്ഥങ്ങൾ കാലത്തിനു വിട്ടു കൊടുക്കുക. വിജയന്റെ കഥ പോലെ, സ്നേഹമസൃണമായ ആ മുഖംപോലെ, ശാന്തവും ഗംഭീരവുമായ അപ്രത്യക്ഷങ്ങളുടെ നിറഞ്ഞ സുഗന്ധസാന്നിദ്ധ്യം പോലെ, നവാദ്വൈതം എന്നെ അഗാധമായി സ്വാധീനിച്ചിരിക്കുന്നു. ഈ കുറിപ്പ്‌ തീർച്ചയായും നിരൂപണത്തിന്റെ നിരൂപണമല്ല. ഒരു സാധാരണക്കാരന്റെ വായനാനുഭവം മാത്രം.

ഈ കുറിപ്പ്‌ എഴുതിയത്‌ : പി.കെ.ഗോപി

Tuesday, September 15, 2009

പുസ്തകം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ? എന്റെ എഴുത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ ?

മാധ്യമത്തിന്റെ ഓണപതിപ്പിലെ അജയ് പി. മങ്ങാട്ട് എഴുതിയ 'വാക്കുകള്‍ നീട്ടുന്നു ശൂന്യമായ പാത്രം' മെന്ന ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം.
ഒരു നിസ്സംഗത എപ്പോഴും നമ്മെ പിടികൂടാന്‍ ചുറ്റിനില്‍ക്കും. സാഹിത്യത്തെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്ന യാഥാര്‍ത്യ ബോധമാണ് ഈ നിസ്സംഗതയെ ജനിപ്പിക്കുന്നത് .വാസ്തവത്തില്‍ , പുസ്തകം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ? എന്റെ എഴുത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ ? ടോള്‍സ്‌റ്റോയി ഈ ചോദ്യം കുറേ വൈകിയാണ് ചോദിച്ചത് . ടോള്‍സ്‌റ്റോയി, തന്റെ ജീവിതാന്ത്യകാലത്ത് താനതുവരെയെഴുതിയതെല്ലാം ജീര്‍ണസാഹിത്യമാണെന്നു വിലയിരുത്തി 'വാട്ട് ഈസ് ആര്‍ട്ട് ' എന്നൊരു പ്രബന് ധമെഴുതി.സാഹിത്യത്തിന്റെ സൗന്ദര്യാനുഭൂതീ പൂര്‍ണ്മായും നിരാകരിച്ച അദ്ദേഹം തന്റേതു മാത്രമല്ല ഏതാണ്ടെല്ലാ സാഹിത്യവും മനുഷ്യനെ അലസനും ഭോഗശീലനുമാക്കുകയാണെന്നും വാദിച്ചു. യഥാര്‍ഥ സാഹിത്യം ധാര്‍മ്മികപ്രേരിതമായിരിക്കണം. എഴുതുന്നത് എല്ലാ മനുഷ്യര്‍ക്കും മനസ്സിലാകണം. ആനന്ദമല്ല ധാര്‍മ്മികബോധനമാണ് ലക്ഷ്യം. പുതിയ മനുഷ്യനെ ഉണ്ടാക്കുന്ന സാമൂഹികപ്രവൃത്തിയായിരിക്കണം. പള്ളിയേയും പൗരോഹിത്യത്തേയും നിരാകരിക്കുന്ന തീവ്രാത്മീതയിലേക്കു പോയിട്ടും ബോള്‍ഷേവിക്കുകള്‍ ടോള്‍സ്‌റ്റോയിയെ സ്വീകരിച്ചതിനുകാരണം ഈ കടുത്ത സാഹിത്യനിഷേധമായിരിക്കണം . സാഹിത്യം സദാചാരപ്രവര്‍ത്തനവും ധാര്‍മ്മികവിദ്യാഭ്യാസവുമായിരിക്കണമെന്ന നിലപാടിലേക്ക് ടോള്‍സ്‌റ്റോയിയുടെ വായനക്കാര്‍ പക്ഷേ, എത്തിചേര്‍ന്നില്ല. കാരണം, നാം വായിക്കുന്ന ടോള്‍സ്‌റ്റോയി ഇപ്പറഞ്ഞ ആളല്ല . ഇങ്ങനെ എഴുത്തിലെ സ്വാര്‍ഥതയും സാമൂഹികവിരുദ്ധതയും വിശകലനം ചെയ്യുക എളുപ്പമല്ല. വായനയുടെ കാര്യത്തില്‍ നം എന്നെങ്കിലും ഉദാസീനരായിട്ടുണ്ടോ ? നം എത്രയോ ശീലങ്ങളെ ഉപേക്ഷിച്ചു. എത്രയോ ആശയങ്ങളെ ത്യജിച്ചു. പക്ഷേ, പുസ്തകം അവസാനിച്ചിട്ടില്ല. സാക്ഷാത്കരിക്കാത്ത പ്രേമം പോലെയാണ് പുസ്തകങ്ങളുടെ മോഹനഭാവം. അതുമായി സഹവസിക്കുമ്പോള്‍ ഉടലിനെ മറ്റൊന്നാക്കുന്നു. ഉടലിനകം മറ്റാരോ ഉള്ളതായി തോന്നിപ്പിക്കുന്നു. ഇത് വാക്കുകല്‍ രഹസ്യമായി ചെയ്യുന്ന ആഭിചാരമാണ്. അതു പുറത്തേക്കു കണ്ടുകൊള്ളണമെന്നില്ല. എന്നാല്‍ , അവ ഏതറ്റം വരെ കൂടെപ്പോരാനും തയാറായി ഒരുങ്ങിനില്‍ക്കുകയായിരിരിക്കും.
(മാധ്യമം ഓണപതിപ്പിലെ ജൈവനനുഷ്യര്‍ ഏറെ കാലികസാമൂഹിക പ്രസക്തിയുള്ള മനുഷ്യരാണ് )

ഈ ലക്കം museindia.com മലയാള സാഹിത്യത്തിനു ഊന്നൽ കൊടുത്തിരിക്കുന്നു.

ഈ ലക്കം museindia.com മലയാള സാഹിത്യത്തിനു ഊന്നൽ കൊടുത്തിരിക്കുന്നു.

http://museindia.com/

http://museindia.com/focus16.asp

Wednesday, September 2, 2009

എല്ലാവർക്കും എന്റെ ഓണാശംസകൾ..

എല്ലാവർക്കും എന്റെ ഓണാശംസകൾ..

നമ്മുടെ അടുത്ത തലമുറക്കു സ്വപ്നം കാണാൻ മഹാബലിയുടെ കഥ പറഞ്ഞു കൊടുക്കു..

ഈ ഓണം നമുക്കൊരു നഷ്ടം തന്നിട്ടാണു പോകുന്നതു..പ്രീയപ്പെട്ട മുരളി സാറിന്റെ. അറിഞ്ഞിടത്തോളം ന ല്ലൊരു നടനും, മനുഷ്യനുമായിരുന്നു അദ്ദേഹം. നമോവാകം.

Friday, August 21, 2009

കൂട്ടായ്മകൾ ഉണ്ടാവണമെങ്കിൽ മനുഷ്യരാകേണ്ടി വരും

ആഴ്ചയിൽ ഒന്നു രണ്ടു ദിവസമെങ്കിലും ഞാൻ http://malayalam-bookreaders-club.blogspot.com/ എന്ന ഈ blog കൂട്ടായ്മ തുറന്നു നോക്കാറുണ്ട്‌. എന്തെങ്കിലും പുതിയ Post അരെങ്കിലും ഇട്ടു കാണും എന്ന പ്രതീക്ഷയോടെ..

June 19 ന്‌ , വായനദിനത്തിന്റെ അന്നു "പുസ്തകപ്പുഴു" എഴുതിയ സുന്ദരമായ Post നപ്പുറം, പുതുതായി ഒന്നും വന്നില്ല.

മിക്കവർക്കും എഴുതണമെന്നു ആത്മാർതമായും ആഗ്രഹം ഉണ്ട്‌, പക്ഷെ സമയക്കുറവും, ചെറുതെങ്കിലും എഴുതുന്നതു കാമ്പുള്ളതായിരിക്കണം എന്ന ആഗ്രഹവും കാരണമാണു മിക്കവരും ഇവിടെ എഴുതാൻ മടിക്കുന്നതു. എഴുതുന്ന ആൾക്കും, ഈ Blog ന്റെ വായനക്കാർക്കും പരസ്പരം ഉള്ള ബഹുമാനം കൊണ്ടു തന്നെ എന്തെങ്കിലും ഒക്കെ എഴുതിപിടിപ്പിക്കാൻ എഴുതുന്നവർക്കു മടി..

പക്ഷെ, എന്റെ വിനീതമായ അഭിപ്രായത്തിൽ ഈ ബ്ലോഗ്‌ നിന്നു പോവാൻ പാടില്ല.. നമുക്കന്യമായികൊണ്ടിരിക്കുന്ന ഒരു സാംസ്കാരിക കൂട്ടായ്മ, digital യുഗതിനു വേണ്ടി പരിവർത്തനം ചെയ്തവതരിപ്പിച്ചതാണു ഈ "ഓൺ ലൈൻ വായനശാല".

കഴിഞ്ഞ ദിവസം, Dubai ൽ ഉള്ള എന്റെ സുഹ്രുതു ഒരു ഒത്തു ചേരലിന്റെ കാര്യം സൂചിപ്പിച്ചു..നല്ലതുതന്നെ.. പക്ഷെ നമ്മുടെ കൂട്ടുകാർ എല്ലാം പല സ്ഥലങ്ങളിൽ ആണു. എല്ലാവർക്കും കൂടി ചേരാൻ പറ്റുന്നതു കേരളതിലാണു.. അതു എല്ലാവരും നാട്ടിലുള്ളപ്പോൾ നമുക്കു ശ്രമിക്കാം. ഇപ്പോൾ തൽക്കാലം നമുക്കു ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോവാൻ ശ്രമിക്കാം. കാരണം, digital യുഗത്തിൽ ഹ്രുദയം കൊണ്ടു ചിന്തിക്കുന്നവരുടെ കൂട്ടായ്മക്കു സ്ഥാനമുണ്ടെന്നു നമുക്കു തെളിയിക്കണം.

ഇക്കഴിഞ്ഞ ലക്കം മാത്രുഭൂമിയിൽ(august 16, ലക്കം23) ശ്രീ. ബാബു ഭരദ്വാജ്‌ കോഴിക്കോടൻ കൂട്ടയ്മകളെക്കുറിച്ചെഴുതിയ "ബന്ധങ്ങളെഴുതിയ ദേശ ചരിത്രം" എന്ന ലേഖനത്തിന്റെ അവസാന ഭാഗതു ഇങ്ങനെ പറയുന്നു.

"ഇനി കൂട്ടായ്മകൾ ഉണ്ടാവണമെങ്കിൽ നമുക്കു പിന്നോട്ടു പോവേണ്ടി വരും, മനുഷ്യരാകേണ്ടി വരും, ഭയം വെടിയേണ്ടി വരും, അന്യൊന്യം സ്നേഹിക്കേണ്ടി വരും, അന്യരുടെ വാക്കുകൾ സംഗീതമായി ആസ്വദിക്കേണ്ടി വരും. ഈ ലോകം തന്റേതു മാത്രമല്ലെന്നും എല്ലാവരുടേതുമാണെന്നും വിചാരിക്കേണ്ടി വരും. താൻ എല്ലാവറുറ്റെയും ശത്രുവല്ലെന്നും, എല്ലാവരും തന്റെ ശത്രുക്കളല്ലെന്നും കരുതേണ്ടി വരും. അതിനിനി നമുക്കു കഴിയുമോ?"

ഇതിനോടൊപ്പം ചേർത്തു വായിക്കെണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്‌. കഴിഞ്ഞ 25 വർഷമായി, Luba shield എന്ന ഫ്രഞ്ച്കാരി, പത്തനംതിട്ടയിലെ, ആറന്മുളയിൽ നടത്തികൊണ്ടു വരുകയായിരുന്ന വിജ്ഞാന കലാവേദി എന്ന സ്ഥാപനം നിർതുകയാണു (http://www.vijnanakalavedi.org/).

സ്വന്തം നാടിനേക്കാളുപരി, നമ്മുടെ നാടിനെ സ്നേഹിക്കുകയും, നമ്മുടെ കലാരൂപങ്ങൾ ഒരു തപസ്യ പോലെ പഠിചെടുത്തു, ഇന്നാട്ടുകാരെയും മറുനാട്ടുകാരെയും പഠിപ്പിക്കുകയും ചെയ്ത സ്വാധിയായ അ സ്ത്രീ കരഞ്ഞു കൊണ്ടാണൊ അ സ്ഥാപനം നിർത്താനുള്ള തീരുമാനം എടുത്തത്‌?

Friday, June 19, 2009

ഇന്ന് മലയാളികളുടെ വായനാദിനം

പുസ്തങ്ങളെ കുറിച്ചും വായനയെക്കുറിച്ചും


അവയ്ക്കിടയില്‍ നിങ്ങള്‍ വായിക്കേണ്ടതില്ലാത്ത പുസ്തകങ്ങള്‍, വായനയ്ക്കപ്പുറം മറ്റുദ്ദേശ്യങ്ങളുള്ള പുസ്തകങ്ങള്‍, എഴുതപ്പെടുംമുമ്പു വായിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍പ്പെടുന്ന, തുറക്കും മുമ്പുതന്നെ വായിക്കപ്പെട്ട പുസ്തകങ്ങള്‍ ഏക്കറുകളോളം പരന്നുകിടക്കുന്നതുകൊണ്ട് നിങ്ങള്‍ ഒരിക്കലും സ്വയം പേടിക്കാന്‍ അനുവദിക്കരുത്. അങ്ങനെ നിങ്ങള്‍ കോട്ടമതിലിന്റെ ബാഹ്യവലയം കടക്കുന്നു. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ ജീവിതങ്ങളുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വായിക്കുമായിരുന്ന പുസ്തകങ്ങളുടെ കാലാള്‍പ്പടയാല്‍ അപ്പോള്‍ നിങ്ങള്‍ ആക്രമിക്കപ്പെടുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. പൊടുന്നനേയുള്ള മുന്നേറ്റത്തിലൂടെ അവയെ മറികടന്ന് വായിക്കാനുദ്ദേശിക്കുന്ന പുസ്തങ്ങളുടെ സേനാവ്യൂഹത്തിലേക്ക് നിങ്ങള്‍ നീങ്ങുന്നു. എന്നാല്‍ ആദ്യം വായിക്കേണ്ട മറ്റുള്ളവ അവിടെയുണ്ട്. വിലക്കിഴിവുണ്ടാകുന്നതുവരെയും പേപ്പര്‍ബാക്കില്‍ ഇറങ്ങുന്നതു വരെയും നിങ്ങള്‍ കാത്തുനില്‍ക്കുന്നതും ഇപ്പോള്‍ അമിതവിലയുള്ളതുമായ പുസ്തകങ്ങള്‍, ആരില്‍നിന്നെങ്കിലും വാങ്ങാവുന്ന പുസ്തകങ്ങള്‍, നിങ്ങള്‍ വായിച്ചിട്ടുള്ളതുപോലെതന്നെ എല്ലാവരുടെയും വായനയ്ക്കുള്ള പുസ്തകങ്ങള്‍. ഈ ആക്രമണങ്ങള്‍ തരണം ചെയ്ത് നിങ്ങള്‍ മറ്റു സേനകള്‍ കാത്തു നില്‍ക്കുന്ന ദന്ത‍ഗോപുരങ്ങള്‍ക്കു താഴെ എത്തിച്ചേരുന്നു.

വായിക്കാന്‍‌വേണ്ടീ കാലങ്ങളായി നിങ്ങള്‍ തയ്യാറെടുക്കുന്ന പുസ്തകങ്ങള്‍, വര്‍ഷങ്ങളായി നിങ്ങള്‍ വിഫലമായി തിരഞ്ഞുകൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍, ഈ നിമിഷത്തില്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, വേണ്ടിവരികയാണെങ്കില്‍ ഇരിക്കട്ടെ എന്നു കരുതി നിങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ , ഈ വേനല്‍ക്കാലത്തുതന്നെ വായിച്ചേക്കാമെന്നു കരുതി നിങ്ങള്‍ എടുത്തുവെച്ചിരിക്കുന്ന പുസ്തകങ്ങള്‍, അലമാരയിലെ മറ്റു പുസ്തകങ്ങളുമായി ഒത്തുപോകണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍‍, ഏളുപ്പത്തില്‍ നീതികരിക്കാനാവാത്ത, ക്ഷണത്തില്‍ വിശദീകരിക്കാനാവാത്ത ജിജ്ഞാസകൊണ്ടു നിങ്ങളെ നിറയ്ക്കുന്ന പുസ്തകങ്ങള്‍.

ഇപ്പോള്‍ നിങ്ങള്‍ക്ക് യുദ്ധസന്നദ്ധരായി നില്‍ക്കുന്ന എണ്ണമറ്റ സൈനികരെ അവര്‍ വളരെ വലുതാണെങ്കിലും കണക്കാക്കാവുന്ന ഒരു നിശ്ചിതസംഖ്യയുടെ നിരയാക്കി മാറ്റാനാവും. പക്ഷേ, ഈ തതകാലികാശ്വാസം, പണ്ടു വായിച്ചതും ഇപ്പോള്‍ വീണ്ടൂം വായിക്കാന്‍ സമയമായതും വായിച്ചിട്ടുണ്ടെന്നു നിങ്ങള്‍ എപ്പോഴും നടിക്കുന്നതുമായ പുസ്തകങ്ങളുടെ ആക്രമണത്താല്‍ തുരങ്കം വയ്ക്കപ്പെടും. ഇപ്പോള്‍ ഇരിക്കാനും യഥാര്‍ഥത്തില്‍ അവ വായിക്കാനും സമയമായിരിക്കുന്നൂ.

ഇറ്റാലോ കാല‌വിനോയുടെ 'ഒരു ശീതകാലരാത്രിലൊരു യാത്രികനെങ്കില്‍' എന്ന കൃതിയില്‍ നിന്ന്
(പി. കെ രാജശേഖരന്റെ 'വാക്കിന്റെ മൂന്നാംകര' എന്ന പുസ്തത്തിലെ ആമുഖത്തില്‍ കൊടുത്തിരിക്കൂന്ന പരിഭാഷ)

Wednesday, June 17, 2009

ബഷീർ ജന്മശതാബ്ദി ആഘോഷങ്ങൾ - ദുബായ്





ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്മരണക്കു മുൻപിൽ ശിരസ്സു നമിക്കുന്നു. ദുബായിൽ നടന്ന അനുസ്മരണ സമ്മേളനത്തിന്റെ കുറിപ്പ്‌ (ദല പ്രവർത്തകർ അയച്ചു തന്നത്‌) ഇതോടൊപ്പം കൊടുക്കുന്നു.


ദുബായ് ഇന്ത്യൻ കോൺസലേറ്റിന്റെ രക്ഷാകർതൃത്വത്തിൽ, കേരള സാഹിത്യ അക്കാദമിയും ദുബായിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ‘ദല’യുമായി സഹകരിച്ചുകൊണ്ട്, ജൂൺ 12 വെള്ളിയാഴ്ച ദുബായിലെ ഖുസൈസിലുള്ള ‘ദി മില്ലനിയം‘ സ്കൂളിൽ വെച്ച് ബഷീർ ജന്മശതാബ്ദി ആഘോഷങ്ങൾ നടക്കുകയുണ്ടായി.
ബഹു: വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുമന്ത്രി എം.ഏ. ബേബി ഉൽഘാടനം നിർവഹിച്ച ചടങ്ങ്, അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയെ അനുസ്മരിച്ചു കൊണ്ട് 10:30ന് ആരംഭിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു: ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വേണു രാജാമണി മുഖ്യാതിഥിയായിരുന്നു. ഡോ: സുകുമാർ അഴീക്കോട്, അക്കാദമി സെക്രട്ടറി ശ്രീ. പുരുഷൻ കടലുണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാവുണ്ണി, അശോകൻ ചരുവിൽ എന്നിവരും വേദിയിലുണ്ടായിരുന്നു. ഗൾഫിലെ മലയാളി എഴുത്തുകാരി സഹീറാ തങ്ങൾ കമലാസുരയ്യ അനുസ്മരണ പ്രഭാഷണം നടത്തി. പുനലൂർ രാജൻ തയ്യാറാക്കി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “ബഷീർ ആൽബ”ത്തിന്റെ പ്രകാശനകർമ്മം ബഹു: ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വേണു രാജാമണി, ബഷീറിന്റെ ജീവചരിത്ര കർത്താവ് ഇ.എം.അഷറഫിന് നൽകികൊണ്ട് നിർവഹിക്കുകയുണ്ടായി. സ്വാഗതസംഘം രക്ഷാധികാരി അഡ്വ: എ. നജീത്, ഡിസി ബുക്സ് ഉടമ രവി ഡിസി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ: ആസാദ് മൂപ്പൻ സ്വാഗതവും, ജനറൽ കൺവീനർ നസീർ അബൂബക്കർ നന്ദിയും പറഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ “ബഷീർ ചിത്രപ്രദർശനം” ഡോ: സുകുമാർ അഴീക്കോട്, ബഹു: വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുമന്ത്രി എം.ഏ. ബേബിയുടേയും, അക്കാദമി പ്രസിഡന്റ് എം. മുകുന്ദന്റേയും മറ്റും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. ഡിസി ബുക്സ് ഹാളിൽ പുസ്തകശാലയും ഒരുക്കിയിരുന്നു.
തുടർന്ന് നടന്ന ബഷീർ അനുസ്മരണ സെമിനാറിൽ പ്രൊഫ: കെ.ഇ.എൻ കുഞ്ഞഹമ്മദ് മോഡറേറ്ററായിരുന്നു. “പുതിയ കാലത്തെ ബഷീർ വായനകൾ” എന്ന വിഷയത്തിൽ പി. മണികണ്ഠൻ മുഖ്യ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ശേഷം 12:30ന് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ശേഷം 2മണിക്ക് ആരംഭിച്ച തുടർപ്രഭാഷണങ്ങളിൽ ബഷീർ തിക്കോടി, എൻ.എസ്.ജ്യോതികുമാർ എന്നിവർ പങ്കെടുത്തു. ശേഷം നടന്ന “ഗൾഫ് സാഹിത്യക്കൂട്ടായ്മ” യിൽ രാവുണ്ണി മോഡറേറ്ററായിരുന്നു. “മലയാള സാഹിത്യവും പ്രവാസി സാഹിത്യവും” എന്ന വിഷയത്തിൽ ഷാജഹാൻ മാടമ്പാട്ട് പ്രബന്ധം അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ഷിഹാബുദ്ധീൻ പൊയ്ത്തുംകടവ്, എ.എം.മുഹമ്മദ്, കമറുദ്ധീൻ ആമയം, സി.വി.സലാം എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് രാവുണ്ണി എഡിറ്റ് ചെയ്ത “ഗൾഫ് മലയാളി കവിതകൾ”, അശോകൻ ചരുവിൽ എഡിറ്റ് ചെയ്ത “ഗൾഫ് മലയാളി കഥകൾ”, പി.മണികണ്ഠൻ രചിച്ച “മലയാളികളുടെ സ്വത്വാന്വേഷണങ്ങൾ” എന്ന പുസ്തകങ്ങളുടെ പ്രകാശനകർമ്മം നടന്നു. ഗൾഫ് മലയാളി കവിതകളെ കുറിച്ച് രാവുണ്ണിയും, ഗൾഫ് മലയാളി കഥകളെ കുറിച്ച് അശോകൻ ചരുവിലും വിശകലനം നടത്തി സംസാരിച്ചു.

വൈകീട്ട് 6ന് ആരംഭിച്ച സാംസ്കാരിക സമ്മേളനം ബഹു: ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വേണു രാജാമണി ഉൽഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: സുകുമാർ അഴീക്കോട് മുഖ്യാതിഥിയായിരുന്നു. പ്രൊഫ: കെ.ഇ.എൻ കുഞ്ഞഹമ്മദ്, പ്രമുഖ അറബ് കവി ഡോ: ഷിഹാബ് ഗാനിം എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി ശ്രീ. പുരുഷൻ കടലുണ്ടി സ്വ്വാഗതവും, ദല സാഹിത്യ വിഭാഗം സെക്രട്ടറി പി.കെ.മുഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് ബഷീറിന്റെ കൃതികളെ ആസ്പദമാക്കി ദല പ്രവർത്തകർ ഒരുക്കിയ “കൈവിലങ്ങ്”, “പ്രേമലേഖനം” എന്നീ ലഘുനാടകങ്ങൾ അരങ്ങേറി.

രാവിലെ കൃത്യം 9മണിക്ക് ആരംഭിച്ച രജിസ്റ്റ്രേഷൻ കൌണ്ടറിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നായി വിവിധ സംഘടനാ പ്രതിനിധികളും എഴുത്തുകാരും സാഹിത്യാസ്വാദകരും പത്രപ്രവർത്തകരുമടങ്ങിയ അഞ്ഞൂറുലധികം പ്രതിനിധികൾ ആദ്യാവസാനം വരെ പങ്കെടുത്തു. യു.ഏ.ഇ യിലെ സഹൃദയവൃന്ദം ആളും അർത്ഥവും കൊണ്ട് നെഞ്ചേറ്റുവാങ്ങിയ ബഷീർ ജന്മശതാബ്ദി ആഘോഷ പരിപാടികൾക്ക് രാത്രി 9:30 യോടെ സമാപനം കുറിച്ചു.
ഡോ: ആസാദ് മൂപ്പൻ ചെയർമാനും, ദല പ്രസിഡന്റ് നസീർ അബൂബക്കർ ജനറൽ കൺവീനറുമായി രൂപീകരിച്ച 75 അംഗ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന പ്രവർത്തനങ്ങളൂടെ വിജയകരമായ പരിസമാപ്തിക്കായിരുന്നു ദുബായിലെ മലയാളി സമൂഹവും അക്ഷരസ്നേഹികളും സാക്ഷ്യം വഹിച്ചത്. പത്മശ്രീ എം.എ.യൂസഫലി രക്ഷാധികാരിയും, ഡോ:മൂപ്പൻസ് ഗ്രൂപ്പ്, യു.എ.ഇ.എക്സേഞ്ച് എന്നിവർ പരിപാടികളുടെ മുഖ്യ പ്രായോജകരുമായിരുന്നു.

Sunday, April 12, 2009

10. പുസ്തകങ്ങൾ ,10. സിനിമകൾ

നിങ്ങളുടെ അഭിപ്രായത്തിൽ, മലയാളത്തിൽ ഇന്നു വരെ ഇറങ്ങിയതിൽ വെച്ചേറ്റവും മികച്ച
10. പുസ്തകങ്ങൾ
10. സിനിമകൾ

ഏതെന്നു പറയാമോ?

Monday, April 6, 2009

മലയാളം പുസ്തകവായനക്കാരുടെ കൂട്ടായ്മയിലേക്കു സ്വാഗതം.

ഈ കൂട്ടായ്മയുടെ തുടക്കം ചെറുപ്പക്കാരായ ഒരു കൂട്ടം വായനക്കാരിൽ നിന്നാണു.

1960-70 കളിൽ ചെറുപ്പം പിന്നിട്ടവരുടെ അനുഭവങ്ങളിൽ "വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും" വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ നമ്മൾ കോലവും മാറി; തെറ്റില്ല. പക്ഷെ, പഴയ "വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും" പകരം വെക്കാൻ നമ്മൾക്കധികമൊന്നുമില്ല എന്ന തിരിച്ചറിവും , ലോകത്തു പല കോണുകളിലായി ചിതറിക്കിടക്കുന്ന സമാന മനസ്കരെ കണ്ടെത്താനും, Internet ന്റെ സാധ്യതകൾ ഉപയോഗിച്ചു തുറന്ന ചർച്ചകൾക്കു തുടക്കമിടാനും ഒരു വേദി, അത്രയുമെ ഉദ്ദേശിച്ചിട്ടുള്ളു.

സാഹിത്യം മാത്രമല്ല ഇവിടെ സം സാരിക്കുന്നതു.. സിനിമ, രാഷ്ട്രീയം (അതിന്റെ യഥാർത്ഥ അർത്ഥത്തിലും,മൂല്യത്തിലും), കല..അങ്ങനെ എന്തും...നമ്മൾ നാട്ടിലെ വായനശാലയിൽ ഇരുന്നു സം സാരിക്കുമ്പോലെ..

വായന, സാഹിത്യം, സിനിമ, മറ്റു കലാ രൂപങ്ങൾ എന്നിവയിൽ താൽപര്യമുള്ളവർ sr77in at gmail dot com എന്ന വിലാസത്തിൽ മെയിൽ അയച്ചാൽ ഈ Blogൽ Co-authors ആയി ചേർക്കാം. അതുവഴി നിങ്ങൾക്കും ഈ Blogൽ post ചെയ്യാം. Blogspot പരമാവധി 100 Co authorsനെ മാത്രമെ അനുവദിക്കുന്നുള്ളു. അതിനാൽ കഴിവതും പെട്ടെന്നു mail അയക്കുക.

അതുപോലെ ഈ Blog ലെ Followersൽ ചേർന്നാൽ മറ്റുള്ളവർക്കു നിങ്ങളെ contact ചെയ്യാനും എളുപ്പമായിരിക്കും.

സസ്നേഹം കുട്ടേട്ടൻ