Friday, June 19, 2009

ഇന്ന് മലയാളികളുടെ വായനാദിനം

പുസ്തങ്ങളെ കുറിച്ചും വായനയെക്കുറിച്ചും


അവയ്ക്കിടയില്‍ നിങ്ങള്‍ വായിക്കേണ്ടതില്ലാത്ത പുസ്തകങ്ങള്‍, വായനയ്ക്കപ്പുറം മറ്റുദ്ദേശ്യങ്ങളുള്ള പുസ്തകങ്ങള്‍, എഴുതപ്പെടുംമുമ്പു വായിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍പ്പെടുന്ന, തുറക്കും മുമ്പുതന്നെ വായിക്കപ്പെട്ട പുസ്തകങ്ങള്‍ ഏക്കറുകളോളം പരന്നുകിടക്കുന്നതുകൊണ്ട് നിങ്ങള്‍ ഒരിക്കലും സ്വയം പേടിക്കാന്‍ അനുവദിക്കരുത്. അങ്ങനെ നിങ്ങള്‍ കോട്ടമതിലിന്റെ ബാഹ്യവലയം കടക്കുന്നു. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ ജീവിതങ്ങളുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വായിക്കുമായിരുന്ന പുസ്തകങ്ങളുടെ കാലാള്‍പ്പടയാല്‍ അപ്പോള്‍ നിങ്ങള്‍ ആക്രമിക്കപ്പെടുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. പൊടുന്നനേയുള്ള മുന്നേറ്റത്തിലൂടെ അവയെ മറികടന്ന് വായിക്കാനുദ്ദേശിക്കുന്ന പുസ്തങ്ങളുടെ സേനാവ്യൂഹത്തിലേക്ക് നിങ്ങള്‍ നീങ്ങുന്നു. എന്നാല്‍ ആദ്യം വായിക്കേണ്ട മറ്റുള്ളവ അവിടെയുണ്ട്. വിലക്കിഴിവുണ്ടാകുന്നതുവരെയും പേപ്പര്‍ബാക്കില്‍ ഇറങ്ങുന്നതു വരെയും നിങ്ങള്‍ കാത്തുനില്‍ക്കുന്നതും ഇപ്പോള്‍ അമിതവിലയുള്ളതുമായ പുസ്തകങ്ങള്‍, ആരില്‍നിന്നെങ്കിലും വാങ്ങാവുന്ന പുസ്തകങ്ങള്‍, നിങ്ങള്‍ വായിച്ചിട്ടുള്ളതുപോലെതന്നെ എല്ലാവരുടെയും വായനയ്ക്കുള്ള പുസ്തകങ്ങള്‍. ഈ ആക്രമണങ്ങള്‍ തരണം ചെയ്ത് നിങ്ങള്‍ മറ്റു സേനകള്‍ കാത്തു നില്‍ക്കുന്ന ദന്ത‍ഗോപുരങ്ങള്‍ക്കു താഴെ എത്തിച്ചേരുന്നു.

വായിക്കാന്‍‌വേണ്ടീ കാലങ്ങളായി നിങ്ങള്‍ തയ്യാറെടുക്കുന്ന പുസ്തകങ്ങള്‍, വര്‍ഷങ്ങളായി നിങ്ങള്‍ വിഫലമായി തിരഞ്ഞുകൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍, ഈ നിമിഷത്തില്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, വേണ്ടിവരികയാണെങ്കില്‍ ഇരിക്കട്ടെ എന്നു കരുതി നിങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ , ഈ വേനല്‍ക്കാലത്തുതന്നെ വായിച്ചേക്കാമെന്നു കരുതി നിങ്ങള്‍ എടുത്തുവെച്ചിരിക്കുന്ന പുസ്തകങ്ങള്‍, അലമാരയിലെ മറ്റു പുസ്തകങ്ങളുമായി ഒത്തുപോകണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍‍, ഏളുപ്പത്തില്‍ നീതികരിക്കാനാവാത്ത, ക്ഷണത്തില്‍ വിശദീകരിക്കാനാവാത്ത ജിജ്ഞാസകൊണ്ടു നിങ്ങളെ നിറയ്ക്കുന്ന പുസ്തകങ്ങള്‍.

ഇപ്പോള്‍ നിങ്ങള്‍ക്ക് യുദ്ധസന്നദ്ധരായി നില്‍ക്കുന്ന എണ്ണമറ്റ സൈനികരെ അവര്‍ വളരെ വലുതാണെങ്കിലും കണക്കാക്കാവുന്ന ഒരു നിശ്ചിതസംഖ്യയുടെ നിരയാക്കി മാറ്റാനാവും. പക്ഷേ, ഈ തതകാലികാശ്വാസം, പണ്ടു വായിച്ചതും ഇപ്പോള്‍ വീണ്ടൂം വായിക്കാന്‍ സമയമായതും വായിച്ചിട്ടുണ്ടെന്നു നിങ്ങള്‍ എപ്പോഴും നടിക്കുന്നതുമായ പുസ്തകങ്ങളുടെ ആക്രമണത്താല്‍ തുരങ്കം വയ്ക്കപ്പെടും. ഇപ്പോള്‍ ഇരിക്കാനും യഥാര്‍ഥത്തില്‍ അവ വായിക്കാനും സമയമായിരിക്കുന്നൂ.

ഇറ്റാലോ കാല‌വിനോയുടെ 'ഒരു ശീതകാലരാത്രിലൊരു യാത്രികനെങ്കില്‍' എന്ന കൃതിയില്‍ നിന്ന്
(പി. കെ രാജശേഖരന്റെ 'വാക്കിന്റെ മൂന്നാംകര' എന്ന പുസ്തത്തിലെ ആമുഖത്തില്‍ കൊടുത്തിരിക്കൂന്ന പരിഭാഷ)

Wednesday, June 17, 2009

ബഷീർ ജന്മശതാബ്ദി ആഘോഷങ്ങൾ - ദുബായ്





ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്മരണക്കു മുൻപിൽ ശിരസ്സു നമിക്കുന്നു. ദുബായിൽ നടന്ന അനുസ്മരണ സമ്മേളനത്തിന്റെ കുറിപ്പ്‌ (ദല പ്രവർത്തകർ അയച്ചു തന്നത്‌) ഇതോടൊപ്പം കൊടുക്കുന്നു.


ദുബായ് ഇന്ത്യൻ കോൺസലേറ്റിന്റെ രക്ഷാകർതൃത്വത്തിൽ, കേരള സാഹിത്യ അക്കാദമിയും ദുബായിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ‘ദല’യുമായി സഹകരിച്ചുകൊണ്ട്, ജൂൺ 12 വെള്ളിയാഴ്ച ദുബായിലെ ഖുസൈസിലുള്ള ‘ദി മില്ലനിയം‘ സ്കൂളിൽ വെച്ച് ബഷീർ ജന്മശതാബ്ദി ആഘോഷങ്ങൾ നടക്കുകയുണ്ടായി.
ബഹു: വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുമന്ത്രി എം.ഏ. ബേബി ഉൽഘാടനം നിർവഹിച്ച ചടങ്ങ്, അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയെ അനുസ്മരിച്ചു കൊണ്ട് 10:30ന് ആരംഭിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു: ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വേണു രാജാമണി മുഖ്യാതിഥിയായിരുന്നു. ഡോ: സുകുമാർ അഴീക്കോട്, അക്കാദമി സെക്രട്ടറി ശ്രീ. പുരുഷൻ കടലുണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാവുണ്ണി, അശോകൻ ചരുവിൽ എന്നിവരും വേദിയിലുണ്ടായിരുന്നു. ഗൾഫിലെ മലയാളി എഴുത്തുകാരി സഹീറാ തങ്ങൾ കമലാസുരയ്യ അനുസ്മരണ പ്രഭാഷണം നടത്തി. പുനലൂർ രാജൻ തയ്യാറാക്കി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “ബഷീർ ആൽബ”ത്തിന്റെ പ്രകാശനകർമ്മം ബഹു: ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വേണു രാജാമണി, ബഷീറിന്റെ ജീവചരിത്ര കർത്താവ് ഇ.എം.അഷറഫിന് നൽകികൊണ്ട് നിർവഹിക്കുകയുണ്ടായി. സ്വാഗതസംഘം രക്ഷാധികാരി അഡ്വ: എ. നജീത്, ഡിസി ബുക്സ് ഉടമ രവി ഡിസി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ: ആസാദ് മൂപ്പൻ സ്വാഗതവും, ജനറൽ കൺവീനർ നസീർ അബൂബക്കർ നന്ദിയും പറഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ “ബഷീർ ചിത്രപ്രദർശനം” ഡോ: സുകുമാർ അഴീക്കോട്, ബഹു: വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുമന്ത്രി എം.ഏ. ബേബിയുടേയും, അക്കാദമി പ്രസിഡന്റ് എം. മുകുന്ദന്റേയും മറ്റും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. ഡിസി ബുക്സ് ഹാളിൽ പുസ്തകശാലയും ഒരുക്കിയിരുന്നു.
തുടർന്ന് നടന്ന ബഷീർ അനുസ്മരണ സെമിനാറിൽ പ്രൊഫ: കെ.ഇ.എൻ കുഞ്ഞഹമ്മദ് മോഡറേറ്ററായിരുന്നു. “പുതിയ കാലത്തെ ബഷീർ വായനകൾ” എന്ന വിഷയത്തിൽ പി. മണികണ്ഠൻ മുഖ്യ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ശേഷം 12:30ന് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ശേഷം 2മണിക്ക് ആരംഭിച്ച തുടർപ്രഭാഷണങ്ങളിൽ ബഷീർ തിക്കോടി, എൻ.എസ്.ജ്യോതികുമാർ എന്നിവർ പങ്കെടുത്തു. ശേഷം നടന്ന “ഗൾഫ് സാഹിത്യക്കൂട്ടായ്മ” യിൽ രാവുണ്ണി മോഡറേറ്ററായിരുന്നു. “മലയാള സാഹിത്യവും പ്രവാസി സാഹിത്യവും” എന്ന വിഷയത്തിൽ ഷാജഹാൻ മാടമ്പാട്ട് പ്രബന്ധം അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ഷിഹാബുദ്ധീൻ പൊയ്ത്തുംകടവ്, എ.എം.മുഹമ്മദ്, കമറുദ്ധീൻ ആമയം, സി.വി.സലാം എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് രാവുണ്ണി എഡിറ്റ് ചെയ്ത “ഗൾഫ് മലയാളി കവിതകൾ”, അശോകൻ ചരുവിൽ എഡിറ്റ് ചെയ്ത “ഗൾഫ് മലയാളി കഥകൾ”, പി.മണികണ്ഠൻ രചിച്ച “മലയാളികളുടെ സ്വത്വാന്വേഷണങ്ങൾ” എന്ന പുസ്തകങ്ങളുടെ പ്രകാശനകർമ്മം നടന്നു. ഗൾഫ് മലയാളി കവിതകളെ കുറിച്ച് രാവുണ്ണിയും, ഗൾഫ് മലയാളി കഥകളെ കുറിച്ച് അശോകൻ ചരുവിലും വിശകലനം നടത്തി സംസാരിച്ചു.

വൈകീട്ട് 6ന് ആരംഭിച്ച സാംസ്കാരിക സമ്മേളനം ബഹു: ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വേണു രാജാമണി ഉൽഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: സുകുമാർ അഴീക്കോട് മുഖ്യാതിഥിയായിരുന്നു. പ്രൊഫ: കെ.ഇ.എൻ കുഞ്ഞഹമ്മദ്, പ്രമുഖ അറബ് കവി ഡോ: ഷിഹാബ് ഗാനിം എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി ശ്രീ. പുരുഷൻ കടലുണ്ടി സ്വ്വാഗതവും, ദല സാഹിത്യ വിഭാഗം സെക്രട്ടറി പി.കെ.മുഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് ബഷീറിന്റെ കൃതികളെ ആസ്പദമാക്കി ദല പ്രവർത്തകർ ഒരുക്കിയ “കൈവിലങ്ങ്”, “പ്രേമലേഖനം” എന്നീ ലഘുനാടകങ്ങൾ അരങ്ങേറി.

രാവിലെ കൃത്യം 9മണിക്ക് ആരംഭിച്ച രജിസ്റ്റ്രേഷൻ കൌണ്ടറിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നായി വിവിധ സംഘടനാ പ്രതിനിധികളും എഴുത്തുകാരും സാഹിത്യാസ്വാദകരും പത്രപ്രവർത്തകരുമടങ്ങിയ അഞ്ഞൂറുലധികം പ്രതിനിധികൾ ആദ്യാവസാനം വരെ പങ്കെടുത്തു. യു.ഏ.ഇ യിലെ സഹൃദയവൃന്ദം ആളും അർത്ഥവും കൊണ്ട് നെഞ്ചേറ്റുവാങ്ങിയ ബഷീർ ജന്മശതാബ്ദി ആഘോഷ പരിപാടികൾക്ക് രാത്രി 9:30 യോടെ സമാപനം കുറിച്ചു.
ഡോ: ആസാദ് മൂപ്പൻ ചെയർമാനും, ദല പ്രസിഡന്റ് നസീർ അബൂബക്കർ ജനറൽ കൺവീനറുമായി രൂപീകരിച്ച 75 അംഗ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന പ്രവർത്തനങ്ങളൂടെ വിജയകരമായ പരിസമാപ്തിക്കായിരുന്നു ദുബായിലെ മലയാളി സമൂഹവും അക്ഷരസ്നേഹികളും സാക്ഷ്യം വഹിച്ചത്. പത്മശ്രീ എം.എ.യൂസഫലി രക്ഷാധികാരിയും, ഡോ:മൂപ്പൻസ് ഗ്രൂപ്പ്, യു.എ.ഇ.എക്സേഞ്ച് എന്നിവർ പരിപാടികളുടെ മുഖ്യ പ്രായോജകരുമായിരുന്നു.