Friday, October 30, 2009

ജ്വാലകൾ ശലഭങ്ങൾ - ശ്രീ.ശശി ചിറയിൽ (കൈതമുള്ള്‌ )

കഴിഞ്ഞ ദിവസം (30-10-2009) കൈതമുള്ള്‌ എന്ന പേരിൽ ബ്ലോഗ്‌ എഴുതുന്ന ശ്രീ.ശശി ചിറയിലിന്റെ "ജ്വാലകൾ ശലഭങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം, അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ആയ UAE യിലെ സുഹ്രുത്തുക്കൾക്കു വേണ്ടി, Dubail വെച്ച്‌ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ Blog മുൻപേ വായിച്ചിരുന്നതുകൊണ്ട്‌ നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരനാണെന്ന് അറിയാമായിരുന്നു.
http://kaithamullu.blogspot.com/

അദ്ദേഹത്തിന്റെ postകൾ വായിക്കുമ്പോൾ ഈ കഥകളുമായി പ്രകടമായ സാമ്യമൊന്നുമില്ലാത്ത മറ്റൊരു പുസ്തകം ഞാൻ ഓർക്കാറുണ്ടായിരുന്നു. അന്തരിച്ച പ്രശസ്ത സാഹിത്യകാരനായ ശ്രീ. മലയറ്റൂർ രാമക്രുഷ്ണന്റെ "ബ്രിഗേഡിയർ കഥകൾ". ആ പുസ്തകവും വായനാ ക്ഷമതയും, ലാളിത്യവുമുള്ളതാണ്‌. നർമ്മവും, കാമവും, പ്രണയവും ഇടകലർത്തി ഒരു ബ്രിഗേഡിയറുടെ അനുഭവങ്ങളുടെ വിവരണം പോലെ എഴുതപ്പെട്ടത്താണ്‌ ബ്രിഗേഡിയർ കഥകൾ. ആ കഥാപാത്രം മലയാറ്റൂർ സാറിന്റെ ഭാവന മാത്രമായിരിക്കണം. ഒരു പക്ഷെ അനന്തപുരം ക്ലബ്ബിലെ ബാറിൽ വെച്ച്‌ പരിച്ചയപ്പെട്ട ഏതെങ്കിലും ex- ബ്രിഗേഡിയറുടെ കഥകൾ ആയിരിക്കാം. ആ പുസ്തകം ഓർക്കാനുള്ള കാരണം, ആഖ്യാന ശൈലിയിലുള്ള സാദൃശ്യവും, സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള വിവരണ രീതികൊണ്ടുമാണ്‌. പക്ഷെ ആ പുസ്തകത്തിൽ, male chauvinist ആയ ഒരു ബ്രിഗേഡിയറുടെ കാഴ്ചപ്പാടിലാണു സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്‌; കൈതമുള്ളിന്റെ കുറുപ്പുകളിൽ ഒരു തരം നിസ്സംഗത ഇടകലർന്ന കാരുണ്യത്തോടെയും.

ശ്രീ. കൈതമുള്ളിന്റെ പുസ്തകം മറ്റൊരു ഗൾഫ്‌ Bloggerഉടെ പുസ്തകം എന്നു വെറുതെ പറഞ്ഞു പോകേണ്ട ഒന്നല്ല എന്നെനിക്കു തോന്നിയതു കൊണ്ടാണ്‌ ഇവിടെ ഞാൻ പ്രത്യേകം പരാമർശിക്കുന്നത്‌. ബ്ലോഗിൽ നിന്നും പുസ്തക രൂപത്തിൽ മുൻപിറങ്ങിയത്‌ വിശാലമനസ്കൻ എന്ന പേരിൽ Blog എഴുതുന്ന സജീവ്‌ എടത്താടന്റെ "കൊടകരപുരാണം", പിന്നെ കുറുമാൻ എന്ന പേരിൽ Blog എഴുതുന്ന രാജേഷിന്റെ "യൂറോപ്പ്‌ സ്വപ്നങ്ങൾ" എന്നിവയാണ്‌. ലാളിത്യവും, നർമ്മവും ഇടകലർന്ന ഭാഷ കൊണ്ട്‌ ആ രണ്ടു പുസ്തകങ്ങളും വിജയമായിരുന്നു. ഇപ്പോൾ ഇറങ്ങിയ കൈതമുള്ളിന്റെ പുസ്തകവും ഒരു വിജയമാണെന്നുറപ്പ്‌. കാരണം ഈ പുസ്തകം നർമ്മം മാത്രമല്ല തരുന്നത്‌; പെണ്ണിന്റ്‌ മനസ്സ്‌, അതിന്റെ അഴിയാകുരുക്കുകൾ, അതിലെല്ലാം ഉപരി അതിജീവനത്തിനായി ജീവിതമൂല്യങ്ങളെ തട്ടിക്കളയേണ്ടിവരുന്ന പെണ്ണിന്റെ നിസ്സംഗതയും, നിശ്ചയധാർഢ്യവും ഈ പുസ്തകം കാണിച്ചു തരുന്നു.

ജീവിതമാണോ, ജീവിതമൂല്യങ്ങളാണോ വലുത്‌ എന്നുള്ളത്ത്‌ എന്നും സാഹിത്യത്തിലെ വലിയ ചോദ്യങ്ങളിൽ ഒന്നാണ്‌. പലപ്പോഴും ജീവിതമാണു വലുത്‌ എന്ന നിഗമനത്തിൽ എത്തിച്ചേരുന്ന കഥാപാത്രങ്ങൾ തെറ്റുചെയ്യുന്നു എന്നു പറയാൻ പുറത്തുനിൽക്കുന്നവനവകാശമില്ല. സ്വന്തം വിശ്വാസങ്ങളും, മൂല്യങ്ങളും മുറുകെപ്പിടിച്ചു കൊണ്ട്‌ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ ആഗ്രഹിച്ച ഒരു ജീവിതം കിട്ടില്ല എന്നുറപ്പാവുമ്പോൾ ആത്മാഹൂതി ചെയ്യുകയോ അല്ലെങ്കിൽ ജീവിതമൂല്യങ്ങളെ പിന്നിലെറിഞ്ഞ്‌ ഒരു civic death വരിക്കുകയോ മാത്രമേ പോംവഴിയുള്ളു എന്ന നിലയിൽ എത്തിയവർ ആയിരിക്കണം ഈ പുസ്തകത്തിൽ വരുന്ന പെണ്ണുങ്ങൾ. അവർ ഒരു തരം നിസ്സംഗതയോടെയും, ജീവിതത്തെ പരിഹാസത്തോടെ നോക്കി ചിരിച്ചുകൊണ്ടും നിന്ന് ജ്വലിക്കുകയാണ്‌; ജ്വലിച്ചുകൊണ്ടു നിൽക്കുന്ന അവർ ജീവിതത്തിന്റെ പൊള്ളുന്ന ചൂടിൽ ചിറകറ്റു വീഴുന്ന ശലഭങ്ങളുമാണ്‌!

ചിറകറ്റു വീഴുന്ന ശലഭങ്ങളെ നമുക്ക്‌ പലപ്പോഴും രക്ഷിക്കാൻ കഴിയാറില്ല, ഒരു നിസ്സംഗതയോടെ കണ്ടുനിൽക്കാൻ മാത്രമേ കഴിയൂ. പക്ഷെ മനുഷത്വം നശിച്ചിട്ടില്ലാത്ത ഒരാത്മാവിന്‌, ദയപൂർണ്ണമായ ഒന്നു നോക്കാനാവും. ജ്വാലയിൽ വീണില്ലാതെയാവുകയാണെന്നറിയുമ്പോഴും, തന്റെ നേരെ കാരുണ്യത്തോടും, സ്നേഹത്തോറ്റും, നിസ്സഹായതയോടും നോക്കുന്ന ആളെ ശലഭങ്ങൾ സ്നേഹിക്കും; അവർക്കുള്ളതെല്ലാം അടിയറ വെക്കും.

ശ്രീ. ശശി, സ്വന്തം ജീവിതാനുഭവങ്ങൾ എന്ന നിലയിലാണ്‌ "ജ്വാലകൾ ശലഭങ്ങൾ" എഴുതിയിട്ടുള്ളത്‌. അതു സത്യമാണെങ്കിൽ "അവളെന്തുകൊണ്ടിങ്ങനെ ഒക്കെ ആയി" എന്നു ചോദിക്കുന്നവർക്കു കൊടുക്കാൻ പറ്റിയ ഒരു പുസ്തകമാണിത്‌. ദുരന്തങ്ങളിലേക്കെടുത്തെറിയപ്പെടുന്ന ഇതിലെ സ്ത്രീകൾക്കു എവിടെയാണു തെറ്റു പറ്റിയത്‌ എന്നൊരു ചോദ്യം ഈ പുസ്തകം വായനക്കാരനോടു ചോദിക്കുന്നുണ്ട്‌. എന്റെ വിശ്വാസം ജീവിതത്തെ നിർവചിക്കുന്നതിലാണവർക്കു തെറ്റിപോപ്പോയത്‌ എന്നാണ്‌.

പെണ്ണിനെ ആസ്വദിക്കപ്പെടേണ്ട ഒന്നായല്ല "ജ്വാലകൾ ശലഭങ്ങൾ" വിവരിക്കുന്നത്‌; പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും. ജീവിതത്തെ ശരിയായ രീതിയിൽ നിർവചിക്കാൻ കഴിയാതെ പോവുകയും, അവധാനതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതെ ഒരു തരം ഭ്രാന്തമായ മനോനിലയിലേക്കെത്തുന്ന നിസ്സഹായ ആയ സ്ത്രീയുടെ ശബ്ദമില്ലാത്ത കരച്ചിലാണ്‌ ഈ പുസ്തകം. അത്തരതിൽ നോക്കിയാൽ "ജ്വാലകൾ ശലഭങ്ങൾ" ഒരു സ്ത്രീ പക്ഷരചനയാണെന്നു പറയേണ്ടി വരും.

36 വർഷത്തെ പ്രവാസജീവിതം സമ്മാനിച്ച നിസ്സംഗതയിൽനിന്നുണ്ടാവുന്ന നർമ്മത്തിന്റെ ലാളിത്യത്തിൽ നിന്നു കൊണ്ടുതന്നെ ജീവിതത്തിന്റെ ആർദ്രതകളിലേക്കും, വിഹല്വതകളിലേക്കും നമ്മെ കൈപിടിച്ചു കൊണ്ടു പോവുകയാണ്‌ കൈതമുള്ള്‌. ഹ്രുദയത്തിൽ പോറൽ വീഴ്ത്തുന്ന കഥകൾ എഴുതാൻ ഇനിയും കൈതമുള്ളിനാവും.

4 comments:

 1. കുട്ടേട്ടന്‍ എന്ന ശബ്ദം വന്ന ദിക്കിലേക്ക് നോക്കിയപ്പോള്‍ അവിടെ അതാ നില്ല്ക്കുന്നു: അനിയന്‍ കുട്ടന്‍!

  എഴുതിയതിനോടുള്ള സമ്പൂര്‍ണ്ണ യോജിപ്പ് അറിയിക്കാന്‍ ഈ കുറിപ്പ്!

  ReplyDelete
 2. നല്ല കുറിപ്പ്....
  പുസ്തകം വായിച്ച ശേഷം ബാക്കി എഴുതാം....

  ReplyDelete
 3. നന്ദി ശശിയേട്ടാ.. എന്റെ കുറിപ്പിനോട്‌ യോജിച്ചതു കൊണ്ട്‌ ഞാൻ വായിച്ചതു ശരിയായി തന്നെ എന്നു വിശ്വസിക്കുന്നു.

  നന്ദി വഴിപോക്കാ, ജയൻ ഡോക്ടർ..

  ReplyDelete