
അവയ്ക്കിടയില്‍ നിങ്ങള്‍ വായിക്കേണ്ടതില്ലാത്ത പുസ്തകങ്ങള്‍, വായനയ്ക്കപ്പുറം മറ്റുദ്ദേശ്യങ്ങളുള്ള പുസ്തകങ്ങള്‍, എഴുതപ്പെടുംമുമ്പു വായിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍പ്പെടുന്ന, തുറക്കും മുമ്പുതന്നെ വായിക്കപ്പെട്ട പുസ്തകങ്ങള്‍ ഏക്കറുകളോളം പരന്നുകിടക്കുന്നതുകൊണ്ട് നിങ്ങള്‍ ഒരിക്കലും സ്വയം പേടിക്കാന്‍ അനുവദിക്കരുത്. അങ്ങനെ നിങ്ങള്‍ കോട്ടമതിലിന്റെ ബാഹ്യവലയം കടക്കുന്നു. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ ജീവിതങ്ങളുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വായിക്കുമായിരുന്ന പുസ്തകങ്ങളുടെ കാലാള്‍പ്പടയാല്‍ അപ്പോള്‍ നിങ്ങള്‍ ആക്രമിക്കപ്പെടുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. പൊടുന്നനേയുള്ള മുന്നേറ്റത്തിലൂടെ അവയെ മറികടന്ന് വായിക്കാനുദ്ദേശിക്കുന്ന പുസ്തങ്ങളുടെ സേനാവ്യൂഹത്തിലേക്ക് നിങ്ങള്‍ നീങ്ങുന്നു. എന്നാല്‍ ആദ്യം വായിക്കേണ്ട മറ്റുള്ളവ അവിടെയുണ്ട്. വിലക്കിഴിവുണ്ടാകുന്നതുവരെയും പേപ്പര്‍ബാക്കില്‍ ഇറങ്ങുന്നതു വരെയും നിങ്ങള്‍ കാത്തുനില്ക്കുന്നതും ഇപ്പോള്‍ അമിതവിലയുള്ളതുമായ പുസ്തകങ്ങള്‍, ആരില്‍നിന്നെങ്കിലും വാങ്ങാവുന്ന പുസ്തകങ്ങള്‍, നിങ്ങള്‍ വായിച്ചിട്ടുള്ളതുപോലെതന്നെ എല്ലാവരുടെയും വായനയ്ക്കുള്ള പുസ്തകങ്ങള്‍. ഈ ആക്രമണങ്ങള്‍ തരണം ചെയ്ത് നിങ്ങള്‍ മറ്റു സേനകള്‍ കാത്തു നില്ക്കുന്ന ദന്തഗോപുരങ്ങള്‍ക്കു താഴെ എത്തിച്ചേരുന്നു.
വായിക്കാന്‍വേണ്ടീ കാലങ്ങളായി നിങ്ങള്‍ തയ്യാറെടുക്കുന്ന പുസ്തകങ്ങള്‍, വര്‍ഷങ്ങളായി നിങ്ങള്‍ വിഫലമായി തിരഞ്ഞുകൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍, ഈ നിമിഷത്തില്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, വേണ്ടിവരികയാണെങ്കില്‍ ഇരിക്കട്ടെ എന്നു കരുതി നിങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ , ഈ വേനല്‍ക്കാലത്തുതന്നെ വായിച്ചേക്കാമെന്നു കരുതി നിങ്ങള്‍ എടുത്തുവെച്ചിരിക്കുന്ന പുസ്തകങ്ങള്‍, അലമാരയിലെ മറ്റു പുസ്തകങ്ങളുമായി ഒത്തുപോകണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍, ഏളുപ്പത്തില്‍ നീതികരിക്കാനാവാത്ത, ക്ഷണത്തില്‍ വിശദീകരിക്കാനാവാത്ത ജിജ്ഞാസകൊണ്ടു നിങ്ങളെ നിറയ്ക്കുന്ന പുസ്തകങ്ങള്‍.
ഇപ്പോള്‍ നിങ്ങള്‍ക്ക് യുദ്ധസന്നദ്ധരായി നില്ക്കുന്ന എണ്ണമറ്റ സൈനികരെ അവര്‍ വളരെ വലുതാണെങ്കിലും കണക്കാക്കാവുന്ന ഒരു നിശ്ചിതസംഖ്യയുടെ നിരയാക്കി മാറ്റാനാവും. പക്ഷേ, ഈ തതകാലികാശ്വാസം, പണ്ടു വായിച്ചതും ഇപ്പോള്‍ വീണ്ടൂം വായിക്കാന്‍ സമയമായതും വായിച്ചിട്ടുണ്ടെന്നു നിങ്ങള്‍ എപ്പോഴും നടിക്കുന്നതുമായ പുസ്തകങ്ങളുടെ ആക്രമണത്താല്‍ തുരങ്കം വയ്ക്കപ്പെടും. ഇപ്പോള്‍ ഇരിക്കാനും യഥാര്‍ഥത്തില്‍ അവ വായിക്കാനും സമയമായിരിക്കുന്നൂ.
ഇറ്റാലോ കാലവിനോയുടെ 'ഒരു ശീതകാലരാത്രിലൊരു യാത്രികനെങ്കില്‍' എന്ന കൃതിയില്‍ നിന്ന്
(പി. കെ രാജശേഖരന്റെ 'വാക്കിന്റെ മൂന്നാംകര' എന്ന പുസ്തത്തിലെ ആമുഖത്തില്‍ കൊടുത്തിരിക്കൂന്ന പരിഭാഷ)